​ഗൂ​ഗിൾ മാപ്പ് നോക്കി കാർ ഓടിച്ചു; വഴി തെറ്റി കുടുംബം അർധ രാത്രി കൊടും കാട്ടിൽ; ഒടുവിൽ സംഭവിച്ചത്...

​ഗൂ​ഗിൾ മാപ്പ് നോക്കി കാർ ഓടിച്ചു; വഴി തെറ്റി കുടുംബം അർധ രാത്രി കൊടും കാട്ടിൽ; ഒടുവിൽ സംഭവിച്ചത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നാർ: വഴി തെറ്റി രാത്രി മുഴുവൻ കൊടും കാട്ടിൽ അകപ്പെട്ട കുടുംബത്തെ മൂന്നാർ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഡ്രൈവ് ചെയ്താണ് കുടുംബത്തിന് വഴി മാറിയത്. തൃശൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. നവാബ് വാജിദ്, ഭാര്യ ഡോ. മേയ്മ, ബന്ധു ഷാന എന്നിവരാണ് കാട്ടിൽപ്പെട്ടത്. മാട്ടുപ്പെട്ടിയിൽ ആനയും പുലിയും കടുവയും കാട്ടുപോത്തുമൊക്കെ വിലസുന്ന കുറ്റ്യാർവാലി വനത്തിലാണ് കുടുംബം കുടുങ്ങിയത്.

ദേവികുളത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ ടോപ് സ്റ്റേഷനും വട്ടവടയും സന്ദർശിച്ച് തിരിച്ച് വരികയായിരുന്നു. റിസോർട്ടിലെത്താൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടി. മാട്ടുപ്പെട്ടി എട്ടാം മൈലിൽ എത്തിയപ്പോൾ മൂന്നാർ റൂട്ടിൽ നിന്നു തിരിഞ്ഞ് കുറ്റ്യാർവാലി റൂട്ടിലേക്ക് പ്രവേശിച്ചു.  ഇതുവഴിയും ദേവികുളത്തിനു പോകാമെങ്കിലും ഇടയ്ക്കുവച്ചു വീണ്ടും വഴി തെറ്റുകയായിരുന്നു. 

വഴി അറിയാതെ തേയിലത്തോട്ടത്തിലൂടെയും വനത്തിലൂടെയും അഞ്ച് മണിക്കൂർ കറങ്ങിയ ഇവരുടെ വാഹനം അർധ രാത്രി കൊടും കാട്ടിൽ ചെളിയിൽ പൂണ്ടു. മൊബൈൽ സിഗ്നൽ ദുർബലമായിരുന്ന ഇവിടെ നിന്ന് ഇവർ ഫയർഫോഴ്‌സിന്റെ നമ്പറിലേക്ക് ലൊക്കേഷൻ അയച്ചു സന്ദേശം നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിഖാന്റെ നേതൃത്വത്തിൽ ഒൻപതം​ഗ സംഘം പുലർച്ചെ ഒന്നരയോടെ കുറ്റ്യാർവാലിയിലെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ലൊക്കേഷൻ മാപ്പിൽ ഇവർ നിൽക്കുന്ന സ്ഥലം തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

ഫയർഫോഴ്‌സ്‌ സംഘം റേഞ്ച് ഉള്ള ഭാഗത്തെത്തി വീണ്ടും ബന്ധപ്പെട്ടു. കുറ്റ്യാർവാലിയിലെ ഉയർന്ന പ്രദേശത്തെത്തി വാഹനത്തിന്റെ സെർച്ച്‌ ലൈറ്റ് പ്രകാശിപ്പിച്ചു. ഈ വെളിച്ചം കണ്ടതോടെ കാട്ടിൽ കുടുങ്ങിയ സംഘം അവരുടെ കാറിന്റെ ലൈറ്റ് ഇട്ടു. അങ്ങനെ നാല് മണിയോടെ രക്ഷാപ്രവർത്തകർ ഇവരുടെ അടുത്തെത്തി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ വാഹനം ചെളിയിൽ നിന്നു കരയ്ക്കുകയറ്റി സംഘത്തെ കാടിനു വെളിയിൽ എത്തിച്ചു.  

കാട്ടാനകളുടെ താവളമായ ഈ മേഖലയിൽ എട്ട് വർഷം മുൻപ് തോട്ടം തൊഴിലാളി സ്ത്രീയെ കടുവ  ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സീനിയർ ഫയർ ഓഫീസർമാരായ തമ്പിദുരൈ, വികെ ജീവൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com