ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 23-ാം വയസ്സിൽ തിരികെപിടിച്ച് അശ്വിൻ; ഇത് ജീവിതം സമ്മാനിച്ച 'മാജിക്ക്' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 10:42 AM  |  

Last Updated: 09th August 2021 10:42 AM  |   A+A-   |  

magician_aswin_with_mother

അശ്വിൻ അമ്മ ലതയ്ക്കൊപ്പം/ ഫേസ്ബുക്ക്

 

രു മിനിറ്റിൽ 18 തരം മാജിക്കുകൾ കാട്ടി വിസ്മയിപ്പിച്ച് ഇന്ത്യാ ബുക് ഓഫ് റെക്കോഡും ഏഷ്യൻ ബുക്ക് ഓഫ് ‍റെക്കോ‍ഡും സ്വന്തമാക്കിയ മജീഷ്യനാണ് അശ്വിൻ. എന്നാലിതാ ജീവിതം ഒരുക്കിയ മാജിക്കിന് മുന്നിൽ നിറകണ്ണുകളോടെ പുഞ്ചിരിക്കുകയാണ് ഈ 23കാരൻ. ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിനുശേഷം കൺമുന്നിൽ തിരികെ കിട്ടിയിരിക്കുകയാണ് അശ്വിന്. 

അശ്വിൻ ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛൻ വിജയനും അമ്മ ലതയും വേർപിരിഞ്ഞു. അഞ്ചാം വയസ്സിൽ അച്ഛൻ ആത്മഹത്യ ചെയ്തതോടെ അച്ഛന്റെ അമ്മ വിശാലാക്ഷിയാണു കൂലിപ്പണി ചെയ്ത് അശ്വിനെ വളർത്തിയത്.  70% മാർക്കോടെ പത്താം ക്ലാസ് പൂർത്തിയാക്കിയ അശ്വിൻ വിതുര സ്കൂളിൽ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെ മുത്തശ്ശി വിശാലാക്ഷി മരിച്ചു. അതോടെ 16-ാം വയസ്സിൽ ജീവിതത്തിൽ അശ്വിൻ ഒറ്റയ്ക്കായി. 

ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോയാണ് അശ്വിന്റെ മനസ്സിൽ മാജിക്ക് കമ്പം നിറച്ചത്. ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകൾ പരിശീലിച്ച് ആ ആ​ഗ്രഹം അവൻ വളർത്തി. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ മജിഷ്യനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അശ്വിൻ അവിടേക്കെത്തി. വിവരം അറിയിക്കാമെന്നാണ് പറഞ്ഞതെങ്കിലും തിരികെപോകാതെ കാത്തിരുന്നു.  ബീയർ കുപ്പികൾ പെറുക്കി വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. ഇതിനിടയിൽ ഒപ്പം താമസിച്ച സുഹൃത്തുക്കളിൽ നിന്ന് ഉപദ്രവമുണ്ടായപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. 

ഒടുവിൽ മാജിക് പ്ലാനറ്റിൽ നിന്നു ജീവിതം മാറ്റി മറിച്ച ആ വിളിയെത്തി. ജോലി നേടിയതോടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അശ്വിൻ. അന്വേഷണത്തിനൊടുവിൽ അമ്മ ഏതോ അഗതി മന്ദിരത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. നമ്പർ തപ്പിയെടുത്ത് വിളിതുടങ്ങിയ അശ്വിൻ ചിറയിൻകീഴ് അഗതി മന്ദിരത്തിൽ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന സന്തോഷവാർത്ത അറിഞ്ഞു. കുതിച്ചെത്തിയ അശ്വിനെ പക്ഷെ ലത തിരിച്ചറിഞ്ഞില്ല. പരാതിയൊന്നുമില്ലാതെ അമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അശ്വിനിപ്പോൾ.