പൊലീസുകാരനായ ഭർത്താവിനെ വഴിതെറ്റിക്കുന്നു, അയൽവാസിയെ ആക്രമിക്കാൻ മൂന്ന് ലക്ഷത്തിന്റെ ക്വട്ടേഷൻ; യുവതി ഒളിവിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 07:10 AM  |  

Last Updated: 09th August 2021 07:20 AM  |   A+A-   |  

goonda attack

പ്രതീകാത്മക ചിത്രം

 

കണ്ണൂർ; ഭർത്താവിനെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് അയൽവാസിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി യുവതി. ബാങ്ക് ഉദ്യോഗസ്ഥയായ സീമ എൻ വി ആണ് അയൽവാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. സുരേഷ് ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സീമയുടെ പങ്ക് പുറത്തുവന്നത്. 

നാലു മാസം മുൻപാണ് സുരേഷ് ആക്രമിക്കപ്പെടുന്നത്. രാത്രിയില്‍ വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട്  വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ച് സുരേഷ് ബാബു മുറ്റത്തേക്ക് കുഴഞ്ഞു വീണു. അയൽക്കാരനും ബന്ധുവുമായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. ആക്രമണം നടത്തിയ ആളുകൾ പൊലീസ് പിടിയിലായെങ്കിലും സീമ ഒളിവിൽ തുടരുകയാണ്. 

ഭർത്താവും സീമയും തമ്മില്‍ കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഇതോടെയാണ് സുരേഷിനെ ആക്രമിക്കാന്‍ സീമ പദ്ധതിയിട്ടത്. പ്രദേശത്തെ ബിജെപി പ്രവർത്തകനായ രതീഷ് വഴിയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപയും നൽകി.