പത്താംതരം തുല്യതാ പരീക്ഷ 16 മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 06:00 PM  |  

Last Updated: 09th August 2021 06:00 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പത്താംതരം തുല്യതാ പരീക്ഷകള്‍ 16 ന് ആരംഭിക്കും. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന  പരീക്ഷകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. 

സംസ്ഥാനത്താകെ 10,316 പേര്‍ പരീക്ഷയെഴുതും. ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 8 പേരും 5247സ്ത്രീകളും 5061 പുരുഷന്‍മാരും ഉള്‍പ്പെടും. പരീക്ഷ ഭവനാണ് പരീക്ഷാ നടത്തിപ്പ്  ചുമതല. പരീക്ഷാ നടത്തിപ്പിനായി 199 സെന്ററുകളാണ് പരീക്ഷാ ഭവന്‍ സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. സെപ്തംബര്‍ 1 ന് പരീക്ഷ സമാപിക്കും.

കന്നഡ ഭാഷയില്‍ പരീക്ഷയെഴുതുന്ന 176 പഠിതാക്കളും തമിഴ് ഭാഷയില്‍ പരീക്ഷയെഴുതുന്ന 26 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തില്‍ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തില്‍ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46പേരും പരീക്ഷയെഴുതുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ് . 987 സ്ത്രീകളും 1125 പുരുഷന്‍മാരുമടക്കം 2112 പേര്‍ മലപ്പുറം ജില്ലയില്‍ പരീക്ഷയെഴുതുന്നുണ്ട്.