ഇ ബുള്‍ ജെറ്റിന് എംവിഡി പിഴയിട്ടത് 42,400 രൂപ; അനുയായികളുമായി ഓഫീസിലെത്തി ബഹളം; സംഘര്‍ഷത്തിനൊടുവില്‍ ജയിലിലേക്ക്‌

14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കണ്ണൂർ: വാഹന നിയമം ലംഘിച്ച് ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിന് ആർ ടി ഓഫിസിൽ അതിക്രമിച്ച്​ കടന്ന്​ ബഹളം  വെച്ച ഇ ബുൾജെറ്റ്​ യൂട്യുബർമാർ റിമാൻഡിൽ. സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവരെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ കണ്ണൂർ സബ്​ ജയിലിലേക്ക്​ മാറ്റി.

'നെപ്പോളിയൻ' എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസ് ലഭിച്ചതനുസരിച്ച് കണ്ണൂർ എംവിഡി ഓഫീസിൽ എത്തിയ ഇവരോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിൻറെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെൻറ് ആർടിഒ ആവശ്യപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച്​ സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്​ടിക്കുകയായിരുന്നു. 

19 അനുയായികളുമായാണ്​ ഇരുവരും ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ്​ ചെയ്​തതെന്നും​ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡ ലംഘനമടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വിഡിയോ കോൺഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. തങ്ങളെ കള്ള കേസിൽ കുടക്കിയെന്നാണ് വ്ലോഗർമാർ കോടതിയിൽ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com