3,500രൂപ പിഴ അടയ്ക്കണം; ഇ ബുൾജെറ്റ് വ്ലോ​ഗർമാർക്ക് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 05:02 PM  |  

Last Updated: 10th August 2021 05:02 PM  |   A+A-   |  

e_bull_jet_1

അറസ്റ്റിലായ എബിനും ലിബിനും


കണ്ണൂര്‍: ട്രാഫിക് നിമലംഘനങ്ങളുടെയും ആര്‍ടി ഓഫീസിലെ അതിക്രമങ്ങള്‍ക്കും അറസ്റ്റിലായ കണ്ണൂരിലെ ഇ ബുള്‍ജെറ്റ് വ്ലോ​ഗര്‍മാര്‍ക്ക് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  പൊതുമുതല്‍ നശിപ്പിച്ചതിന് 3,500രൂപ വീതം പിഴ അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് എബിന്‍,ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ എല്ലാ ആഴ്ചയും ഹാജരാകണമെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കി. 

അതേസമയം, ഇവര്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി.

അതേസമയം, ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമുതല്‍ നശിപ്പിച്ചതിനും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ പതിനേഴ് കൂട്ടാളികള്‍ക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.