സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറവെന്ന് വിശദീകരണം; ഇതുവരെ കിട്ടിയത് 20 ശതമാനം പേര്‍ക്ക് മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 06:55 AM  |  

Last Updated: 10th August 2021 06:55 AM  |   A+A-   |  

special onam kit

ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം


തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഇഴയുന്നു. റേഷൻ കടകൾ വഴി‌ ഈ മാസം 16നകം മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം. എന്നാൽ ഇതുവരെ ഇരുപത് ശതമാനത്തോളം പേർക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. 

15 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റിന്റെ വിതരണം  ജൂലൈ 31ന് ആരംഭിച്ച് 16നകം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്ന കാർഡ് ഉടമകളിൽ നല്ലൊരു ശതമാനവും വെറും കയ്യോടെ മടങ്ങുകയാണ്. 39 ലക്ഷത്തിലേറെ വരുന്ന മുൻഗണനാ കാർഡുകളായ എഎവൈ, പിഎച്ച്എച്ച് എന്നിവയ്ക്കുള്ള വിതരണം കഴിഞ്ഞ ശനിയോടെ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതും കഴിഞ്ഞിട്ടില്ല.  

മുൻഗണനാ വിഭാഗങ്ങൾക്കുള്ള കിറ്റും പൂർണമായും പല റേഷൻ കടകളിലുമെത്തിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവനായി എത്തിക്കാമെന്നാണ് റേഷൻ കടയുടമകൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ പാക്കിങ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിലെ കാലതാമസമാണ് കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നതും.