ലെവൽക്രോസ് കടക്കുന്നതിനിടെ വയോധികനെ  ട്രെയിനിടിച്ചു; മൃതദേഹവുമായി തീവണ്ടിയോടിയത് 14 കിലോമീറ്റർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 08:12 AM  |  

Last Updated: 10th August 2021 08:31 AM  |   A+A-   |  

INTERCITY

പ്രതീകാത്മക ചിത്രം

 

കാസർ​ഗോട്: ലെവൽക്രോസിലൂടെ പാളം മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി ഇടിച്ച് വയോധികൻ മരിച്ചു. ഹൊസങ്കടി കജയിലെ മൊയ്തീൻകുട്ടി(70) ആണ് മരിച്ചത്. എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയ മൊയ്തീൻകുട്ടിയുടെ മൃതദേഹവുമായി തീവണ്ടി 14 കിലോമീറ്റർ ഓടി. 

ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലാണ് അപകടം നടന്നത്. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്. മൊയ്തീൻകുട്ടി എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയത് ഹൊസങ്കടിയിലെ ഗേറ്റ്മാൻ കണ്ടിരുന്നു. വിവരം തൊട്ടടുത്ത ഉപ്പളഗേറ്റിൽ അറിയിച്ചു. ഉപ്പള ഗേറ്റ്മാന് വിവരം മുട്ടം ഗേറ്റിൽ അറിയിച്ചു. ആരെയെങ്കിലും തീവണ്ടിയിടിച്ചാൽ തൊട്ടടുത്ത സ്റ്റേഷനിൽ നിർത്തി ലോക്കോപൈലറ്റ് സ്റ്റേഷൻമാസ്റ്ററെ വിവരമറിയിക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ കുമ്പള സ്റ്റേഷനിൽ അറിയിക്കുന്നതിനിടയിലാണ് മൃതദേഹം എൻജിനുമുന്നിൽ കുടുങ്ങിയെന്ന കാര്യം ലോക്കോ പൈലറ്റ് അറിയുന്നത്.