'ഒഡീഷയെ കണ്ട് പഠിക്കണം'; പാരിതോഷിക വിവാദത്തില്‍ തോമസ് ഐസക്

ഒളിമ്പിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി തോമസ് ഐസക്
പി ആര്‍ ശ്രീജേഷ്, തോമസ് ഐസക്
പി ആര്‍ ശ്രീജേഷ്, തോമസ് ഐസക്


കോട്ടയം: ഒളിമ്പിക് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി തോമസ് ഐസക്. ദേശീയ കായിക രംഗത്തു തിളങ്ങിയ മലയാളി താരങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിയാണ് കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുള്ളതെന്നും അതേ സമീപനം തന്നെയായിരിക്കും സര്‍ക്കാര്‍ ഇനിയും തുടരുകയെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഒഡീഷ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും പാഠമാകേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ടോക്കിയോ ഒളിംപിക്‌സിനു കൊടിയിറങ്ങി. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം അങ്ങനെ ഏഴ് മെഡലുകള്‍ ഇന്ത്യ നേടി. ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ ഒളിംപിക്‌സിലെ കായികതാരങ്ങളില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ വകയുണ്ട്.

ഇന്ത്യയുടെ അവസാന ഇനമായ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്‌സ് യാത്രയ്ക്കു ഗംഭീരമായ അവസാനം കുറിച്ചു. ആദ്യമായിട്ടാണ് അത്ലറ്റിക്‌സില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയും വെള്ളി മെഡല്‍ നേടി. പി.വി. സിന്ധു ബാഡ്മിന്റനിലും ലവ്ലിന ബോര്‍ഗോഹെയ്ന്‍ ബോക്്‌സിങ്ങിലും ബ്ജരംഗ് പൂനിയ ഗുസ്തിയിലും വെങ്കല മെഡല്‍ നേടി. 41 വര്‍ഷത്തിനുശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലമാണെങ്കിലും ഇന്ത്യ മെഡല്‍ നേടി. ഈ വിജയത്തില്‍ മലയാളിയായ ഗോള്‍കീപ്പര്‍ ശ്രീ. പി.ആര്‍. ശ്രീജേഷ് വഹിച്ച പങ്ക് എന്നും പ്രകീര്‍ത്തിക്കപ്പെടും. മെഡല്‍ നേടിയില്ലെങ്കിലും വനിതാ ഹോക്കി ടീം എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്ഥാനം നേടി. 

ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതോടൊപ്പം ഓര്‍ക്കേണ്ടുന്ന ഒരു കാര്യമുണ്ട്. 9 വര്‍ഷം പിന്നിടുമ്പോള്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ നേടിയതിനേക്കാള്‍ ഒരു മെഡല്‍ കൂടുതല്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒഡീഷ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും പാഠമാകേണ്ടതുണ്ട്. ഒരു പൊതുകായിക സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികവുറ്റവര്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിശീലനം ഉറപ്പുവരുത്തുന്നതിലൂടെയാണ് മറ്റു രാജ്യങ്ങള്‍ വിജയം കൊയ്യുന്നത്.

നമ്മുടെ ഇന്നത്തെ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി അവലോകനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ദേശീയ കായികരംഗത്തു തിളങ്ങിയ മലയാളി അത്ലീറ്റുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണു കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുള്ളത്. ആ സമീപനം തന്നെയായിരിക്കും ഇനിയും തുടരുകയെന്നതിനു സംശയം വേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com