മുഖ്യമന്ത്രിക്ക് വധഭീഷണി, ക്ലിഫ്ഹൗസില്‍ ബോംബ് വച്ചെന്ന് ഫോണ്‍ സന്ദേശം; വിളിച്ചയാള്‍ സേലത്ത് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 04:25 PM  |  

Last Updated: 10th August 2021 05:06 PM  |   A+A-   |  

Chief Minister Pinarayi Vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും രണ്ട് ഭീഷണി സന്ദേശം. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്  ഭീഷണി മുഴക്കിയ ആളെ സേലത്ത് നിന്ന് പിടികൂടി. മലയാളി ആണെന്നാണ് വിവരം.

രണ്ടു ദിവസം മുന്‍പാണ് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം. അന്വേഷണത്തില്‍ കേരള പൊലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസാണ് വിളിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലയാളി ആണെന്നാണ് സൂചന. പ്രേംരാജ് എന്നാണ് പേര്. ബംഗളൂരുവില്‍ താമസമാക്കിയ ആളാണ്. ബിസിനസ് തകര്‍ന്ന് മാനസിക സംഘര്‍ഷം നേരിടുന്ന ആളാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മറ്റൊരു ഭീഷണി സന്ദേശം ലഭിച്ചത് ഇന്നാണ്. കോട്ടയത്ത് നിന്നാണ് ഫോണ്‍  സന്ദേശം ലഭിച്ചത്. കോട്ടയത്ത് ഒരാളെ പൊലീസ് മര്‍ദ്ദിച്ചതായും മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യും എന്ന തരത്തിലാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിളിച്ചയാളെ കുറിച്ച് വിവരം ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.