കാവ്യ മാധവൻ കൂറുമാറി, നടിയെ ആക്രമിച്ച കേസിൽ ഇന്നും ക്രോസ് വിസ്താരം തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 07:08 AM  |  

Last Updated: 11th August 2021 07:08 AM  |   A+A-   |  

kavya-story

കാവ്യ മാധവൻ/ ഫയല്‍ ചിത്രം

 

കൊച്ചി; ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറി. 34–ാം സാക്ഷിയായിരുന്ന കാവ്യ ഇന്നലെ പ്രോസിക്യൂഷൻ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്. വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂർ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ വച്ച് നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്. 300ല്‍ അധികം സാക്ഷികളുള്ള കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സിബിഐ ആറ് മാസം സമയം കൂടി സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.