'സ്‌റ്റേ കിട്ടിയത് കൊണ്ട് നിയമവിഷയം ഇല്ലാതാകുന്നില്ല';തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും: വിജയരാഘവന്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം
എ വിജയരാഘവന്‍ /ഫയല്‍ ചിത്രം


തിരുവനന്തപുരം:സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിയമങ്ങള്‍ പരിശോധിച്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്താണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ നിന്നാണ് തീരൂമാനമെടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുന്‍പ് എങ്ങനെയാണ് ഇ ഡി പ്രവര്‍ത്തിച്ചതെന്ന് എല്ലാവരും കണ്ടതാണ്. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടുന്ന സാഹചര്യമുണ്ടായി. ഭരണഘടന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുമൊക്കെ പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധം ഇടപെടല്‍ നടത്തിയപ്പോഴാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. 

നിയമപരമായി തന്നെ വീണ്ടും തങ്ങളുടെ ഭാഗം കോടതിയില്‍ പറയാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാര്‍ എടുത്ത തീരൂമാനത്തില്‍ കോടതി ഒരു അഭിപ്രായം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മുകളില്‍ മറ്റെന്ത് നടപടിക്രമങ്ങള്‍ എന്ന് ആലോചിച്ച് തീരുമാനിക്കും. താത്ക്കാലികമായ സ്‌റ്റേ കിട്ടിയത് കൊണ്ട് നിയമവിഷയം ഇല്ലാതാകുന്നില്ല. നിയമപരമായ കാര്യങ്ങള്‍ നോക്കി ആവശ്യമായ തീരുമാനമെടുക്കും.- അദ്ദേഹം പറഞ്ഞു. 

അന്വേഷണത്തിന് എതിരെ ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതി സ്റ്റേ വിധിച്ചത്. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് വികെ മോഹനനെ കമ്മിഷനായി നിയമിച്ചത്. മന്ത്രിസഭായോഗമാണ് അന്വേഷണത്തിനു തീരുമാനിച്ചത്.

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ മറവില്‍ സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെയും കേന്ദ്ര എജന്‍സികള്‍ തടസപ്പെടുത്തുന്നതായി മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com