കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് : രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍ 

ബാങ്കിലെ തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു
അറസ്റ്റിലായ ബിജുവും ജില്‍സും / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ ബിജുവും ജില്‍സും / ടെലിവിഷന്‍ ചിത്രം

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയും ബാങ്ക് മാനേജരുമായിരുന്ന ബിജു കരീം, മൂന്നാം പ്രതി അക്കൗണ്ടന്റ് സി കെ ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കേസിലെ ഒന്നാംപ്രതിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ സുനില്‍ കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. കേസില്‍ മൂന്നു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. 

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടും മൂന്നും പ്രതികളെ പിടികൂടിയത്. 

ഇടനിലക്കാരന്‍ കിരണ്‍ (31), കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് പിടിയിലാകാനുള്ളത്. നാലാംപ്രതി കിരണ്‍ രാജ്യം വിട്ടതായാണ് സൂചന.

അതിനിടെ, ബാങ്ക് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടായതായി സര്‍ക്കാരിന്റെ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. ബാങ്കിലെ തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 14 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത്  ഉത്തരവിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com