വേറെ ആളില്ലെങ്കില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും അത്യാവശ്യത്തിനു പുറത്തിറങ്ങാം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോവിഡ് വാക്‌സിന്‍ കിട്ടാത്തവര്‍ക്കും അലര്‍ജിയോ മറ്റേതെങ്കിലും രോഗമോ കൊണ്ട് എടുക്കാനാവാത്തവര്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാമെന്ന് സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വാക്‌സിന്‍ കിട്ടാത്തവര്‍ക്കും അലര്‍ജിയോ മറ്റേതെങ്കിലും രോഗമോ കൊണ്ട് എടുക്കാനാവാത്തവര്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാമെന്ന് സര്‍ക്കാര്‍. വാക്‌സിന്‍ എടുത്തവരോ ആര്‍ടിപിസിആര്‍ ഫലം ലഭ്യമാക്കാനാവാത്തവരോ ആയ ആരും വീട്ടില്‍ ഇല്ലെങ്കിലാണ് ഈ ഇളവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വാക്‌സിന്‍ ലഭിക്കാത്തവരോ ആര്‍ടിപിസിആര്‍ ഫലം ലഭ്യമാക്കാനാവാത്തവരോ ആയ ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങാമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്ക് കടകളിലും മറ്റു സ്ഥാപനങ്ങളിലും മുന്‍ഗണന നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ ഫലമോ ഇല്ലാത്തവരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അലര്‍ജി ഉള്ളതിനാല്‍ വാക്‌സിന്‍ എടുക്കാനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ടെസ്റ്റ് ഡോസ് എടുത്താല്‍ മാത്രമേ തനിക്കു കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനാവു. മാര്‍ഗ നിര്‍ദേശത്തിന്റെ  അഭാവത്തില്‍ ടെസ്റ്റ് ഡോസ് നല്‍കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാവുന്നില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. 

സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് ഹര്‍ജി തീര്‍പ്പാക്കുകയാണെന്ന് കോടതി പറഞ്ഞു. വാക്‌സിന്‍ ഒരു ഡോസ് എങ്കിലും എടുത്ത് രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്കോ 72 മണിക്കൂര്‍ മുന്‍പത്തെ ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം ഉള്ളവര്‍ക്കോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റിവ് ആയെന്ന റിപ്പോര്‍ട്ട് ഉള്ളവര്‍ക്കോ മാത്രമേ കടകളിലും മറ്റു സ്ഥാപനങ്ങളിലും പ്രവേശനമുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം ഇറക്കിയ മാര്ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com