കണ്ണൂരില്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം, വഴിയില്‍ തള്ളി; പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ് 

തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. തിരിച്ചറിയല്‍ രേഖ നല്‍കാത്തതിന്റെ പേരിലാണ് അക്രമമെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ശശി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയത്. മുന്‍കാലങ്ങളില്‍ കോളനിയിലെ മുഴുവന്‍ ആളുകളുടെയും തിരിച്ചറിയല്‍ രേഖ വാങ്ങി ഓപ്പണ്‍ വോട്ട് ചെയ്തതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ച് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ വോട്ടര്‍മാരോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതെന്നാണ് ആരോപണം. തിരിച്ചറിയല്‍ രേഖ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഹനങ്ങളില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ വച്ച്  വോട്ടര്‍മാരെ മര്‍ദ്ദിച്ചു എന്നതാണ് പരാതി.

ഉച്ചയോടെ ബാബുവാണ് ഇവരുടെ കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരോട് വിവരം പറഞ്ഞു. കണ്ണൂര്‍ എസ്പിയോട് കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശശിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. വൈകുന്നേരത്തോടെയാണ് ശശിയെ മര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരിട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com