നാടു മുഴുവന്‍ വറുതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വാരിക്കോരി; ഓണം അലവന്‍സിന് ചെലവ് 311 കോടി

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 4850 കോടി രൂപയാണ്
നാലു മാസം മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്‌ / ഫയല്‍ ചിത്രം
നാലു മാസം മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചത്‌ / ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നട്ടംതിരിയുമ്പോള്‍ ജീവനക്കാരുടെ ഓണം ബോണസിനും ഉത്സവ ബത്തയ്ക്കുമായി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് 311 കോടി രൂപ. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവ ആനുകൂല്യമാണ് ഇന്നലെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തൊഴിലും മറ്റു വരുമാനവും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ജനങ്ങളുടെ ദുരിതത്തില്‍ കാര്യമായ കുറവൊന്നും വരുത്തിയിട്ടില്ലെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നാലു മാസം മുമ്പ് ശമ്പള വര്‍ധന നടപ്പാക്കിയ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കായി സര്‍ക്കാര്‍ ഉത്സവാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 4850 കോടി രൂപയാണ്. അഞ്ചു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നാലായിരം രൂപ വീതം ബോണസ് ലഭിക്കും. ബോണസിന് അര്‍ഹമായ ശമ്പള പരിധിക്കു പുറത്തുള്ള മറ്റുള്ളവര്‍ക്ക് 2750 രൂപ വീതം ഉത്സവബത്ത കിട്ടും. ഇതിനു പുറമേ 5.3 ലക്ഷം സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ വീതവും ലഭിക്കും. പതിനയ്യായിരം രൂപ ഉത്സവ അഡ്വാന്‍സും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. 

ആസൂത്രണ കമ്മിഷന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് മൊത്തം തൊഴിലെടുക്കുന്നവരുടെ സംഖ്യ 1.27 കോടിയാണ്. ഇതില്‍ 73 ലക്ഷത്തിന് കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒരു ദിവസം പോലും തൊഴില്‍ നഷ്ടപ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി, നികുതി ദായകരുടെ പണത്തില്‍ വലിയൊരു സംഖ്യ നീക്കിവയ്ക്കുന്നത് അന്യായമാണെന്ന വിമര്‍ശനങ്ങള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com