ഭൂമി ഇടപാട് : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി ; വിചാരണ നേരിടണമെന്ന് ഹൈക്കോടതി ; ആറു ഹര്‍ജികളും തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 02:27 PM  |  

Last Updated: 12th August 2021 02:27 PM  |   A+A-   |  

george alencherry

ഫയല്‍ ചിത്രം

 

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി. കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. ആലഞ്ചേരി നല്‍കിയ ആറു ഹര്‍ജികളും കോടതി തള്ളി. വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. 

ഭൂമി ഇടപാടു കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി,അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി ഉത്തരവ്. 

തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ ആലഞ്ചേരി നേരത്തെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയും ഹര്‍ജി തള്ളുകയും മജിസ്‌ട്രേറ്റ് കോടതി വിധി ശരിവെക്കുകയുമായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. 

ഭൂമി വില്‍പ്പന സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീഴ്ച സംഭവിച്ചുവെന്ന് സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.