പി കെ ബഷീര്‍ 'മുഖ്യമന്ത്രി'; എന്‍ ഷംസുദ്ദീന്‍ 'സ്പീക്കര്‍'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി, സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 11:12 AM  |  

Last Updated: 12th August 2021 11:25 AM  |   A+A-   |  

pt_thomas

പി ടി തോമസ് പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു/ടെലിവിഷന്‍ ദൃശ്യം

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിന് എതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, നിയമസഭയ്ക്ക് മുന്നില്‍ പ്രതീകാത്മക നിയമസഭ നടത്തി. 

പിടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തെറ്റുകാരനല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ അടിയന്തരപ്രമേയത്തിന് നല്‍കുന്ന മറുപടിയിലൂടെ വിശദീകരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആയതിനാല്‍, അടിയന്തര പ്രാധാന്യമുള്ള വിഷയമായി എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സ്പീക്കറുടെയും നിയമ മന്ത്രിയുടെയും നിലപാട്.

എന്നാല്‍, സ്വാശ്രയ കോളേജ് വിഷയം, ശബരിമല യുവതീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോള്‍ തന്നെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്പീക്കര്‍ വീണ്ടും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. 

സഭയ്ക്ക് പുറത്തുപോയ പ്രതിപക്ഷം, സമാന്തര നിയമസഭ നടത്തി. ലീഗ് എംഎല്‍എ പി കെ ബഷീര്‍ മുഖ്യമന്ത്രിയായി അഭിനയിച്ചു. ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സ്പീക്കര്‍ ആയി. പി ടി തോമസ് പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രതികളുടെ മൊഴികള്‍ മുഖ്യമന്ത്രിക്ക് എതിരാണെന്നും വിദേശ നാണയ ചട്ടം ലംഘിച്ചെന്നും പി ടി തോമസ് അടിയന്തര പ്രമേയത്തില്‍ പറഞ്ഞു.