സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യോഗ്യതയുള്ള ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 02:35 PM  |  

Last Updated: 12th August 2021 02:45 PM  |   A+A-   |  

Kerala High Court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പു അധ്യായന വര്‍ഷം മുതല്‍ തന്നെ യോഗ്യതയുള്ള ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മറ്റു പല വിഷയത്തില്‍ യോഗ്യത നേടിയ അധ്യാപകരാണ് ഇംഗ്ലിഷ് പഠിപ്പിക്കുന്നതെന്നും ഇതു നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

തൃശൂര്‍ പാലപ്പിള്ളി സ്വദേശിയായ പിഎം അലി, കല്ലൂപ്പാറ സ്വദേശിയായ റെജി തോമസ് എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാത്തത് കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ (കെഇആര്‍) ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലിഷ് അധ്യാപകര്‍ ഇല്ലാത്തതിനാല്‍ നിലവില്‍ മറ്റു വിഷയങ്ങള്‍ പഠിച്ച അധ്യാപകരാണ് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലിഷ് പഠിപ്പിക്കുന്നത്. ഇത് ഇംഗ്ലിഷ് ഭാഷാധ്യപനത്തിന്റെ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഇംഗ്ലിഷ് നിര്‍ബന്ധമായും പഠിപ്പിക്കേണ്ടതുണ്ടെന്ന് പുതുക്കിയ കെഇആറില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

നിലവിലുള്ള അധ്യാപക കേഡറിനെ ബാധിക്കാത്ത വിധത്തില്‍ ഘട്ടം ഘട്ടമായി പുതിയ നിയമനം നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.