പേര് 'ശ്രീജേഷ്' എങ്കില്‍ 'പെട്രോള്‍ സൗജന്യം' ; വേറിട്ട ഓഫറുമായി പമ്പുടമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 10:56 AM  |  

Last Updated: 12th August 2021 10:56 AM  |   A+A-   |  

sreejesh petrol

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ഒളിംപിക്‌സില്‍ ചരിത്ര സ്വര്‍ണം നേടിയ നീരജ് ചോപ്രയോടുള്ള ആദരവില്‍ സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത്ത ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ, ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പമ്പുടമ. 

തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ്  എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്റ്റ് മാസം 31 വരെയാണ് ഓഫര്‍.  

പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോയെന്ന് അറിയാന്‍ നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ടെന്ന് പമ്പുടമ പറയുന്നു. 

പേര് ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ കാണിക്കണമെന്ന് ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ വ്യക്തമാക്കി.