ഓണമിങ്ങെത്തി!; ഇന്ന് അത്തം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുമാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 07:18 AM  |  

Last Updated: 12th August 2021 07:18 AM  |   A+A-   |  

onam

പ്രതീകാത്മക ചിത്രംകൊച്ചി: അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. ഇന്ന് അത്തം. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കര്‍ക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. 

ചിങ്ങപ്പിറവി 17നാണ്. 21നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല. പ്രളയവും കോവിഡും കാരണം നാലുവര്‍ഷമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചടങ്ങായി മാത്രമാണ് നടത്തുന്നത്. ഇത്തവണയും ചടങ്ങുകളില്‍ ഒതുങ്ങും. 

അത്തം നഗറില്‍ ഉയര്‍ത്താനുളള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ  നിര്‍മല തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിന്റെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്

ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കോവിഡ് കാലമായതിനാല്‍ കഥംകളി, ഓട്ടം തുളളല്‍ അടക്കമുളള മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തും.