കേരളത്തിൽ മഴ ദുർബലം, 26 ശതമാനം കുറഞ്ഞു; ഏറ്റവും കുറവ് പാലക്കാടും വയനാടും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 07:55 AM  |  

Last Updated: 13th August 2021 07:55 AM  |   A+A-   |  

rain with thunderstorm

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം ലഭിച്ച മഴയിൽ 26% കുറവെന്ന് കാലാവസ്ഥാ വിഭാഗം. ജൂൺ മുതൽ ഈ മാസം വരെയുള്ള മഴയുടെ ലഭ്യതയിലാണ് കുറവ് രേഖപ്പെടുത്തിയത്.  പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ മാത്രമാണു സാധാരണ നിലയിലെങ്കിലും മഴ ലഭിച്ചത്.

ഇത്തവണ ജൂൺ 1മുതൽ ഇന്നലെ വരെ ലഭിച്ചത് 1148മില്ലി മീറ്റർ മഴയാണ്. സാധാരണ ഈ സമയത്തു 1559.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ ആറ് ശതമാനവും എറണാകുളം ജില്ലയിൽ 12% കുറവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ നിലയിൽ നിന്ന് 19%വരെ കുറവോ കൂടുതലോ മഴ പെയ്യുന്നതാണ് സാധാരണനില എന്നു പറയുന്നത്.

പത്തനംതിട്ടയിൽ 1171.7മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1106.6മില്ലി മീറ്റർ ആണു ലഭിച്ചത്. എറണാകുളത്ത് 1521.8 മില്ലിമീറ്റർ ആണു സാധാരണ നിലയിലെ മഴയെങ്കിൽ ഇക്കുറി 1342.2മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയത്തു സാധാരണ മഴ ലഭ്യത 1384.1മില്ലി മീറ്റർ ആണ്. ഇന്നലെ വരെ ലഭിച്ചത് 1428.9മില്ലി മീറ്റർ. 

 ജൂൺ 1മുതൽ ഇന്നലെ വരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് പാലക്കാട്, വയനാട് ജില്ലകളിലാണ്. 39% കുറവാണ് ഇക്കുറി ഇവിടങ്ങളിലുണ്ടായത്. കണ്ണൂർ,മലപ്പുറം ജില്ലകളിൽ 36% മഴ കുറഞ്ഞു. ആലപ്പുഴ 28%, ഇടുക്കി 23%, കാസർകോട് 29%, കൊല്ലം 31%, കോഴിക്കോട് 21%, തിരുവനന്തപുരം 33%, തൃശൂർ 27% എന്നിങ്ങനെയാണു മറ്റുജില്ലകളിൽ മഴയുടെ ലഭ്യതയിലുണ്ടായ കുറവ്. 20%മുതൽ 59%വരെ മ‌ഴ കുറയുന്നത് ഡെഫിഷ്യൻസി അഥവാ സാധാരണ നിലയിലും കുറഞ്ഞ മഴലഭ്യതയെ ആണു കാണിക്കുന്നത്. 60 ശതമാനത്തിലേറെയുള്ള കുറവ് ഗണ്യമായ വരൾച്ചയുടെ സൂചകമാണ്.