93 ലക്ഷം രൂപയ്ക്കു വാക്‌സിന്‍ വാങ്ങി, കുത്തിവയ്ക്കാൻ അനുമതിയില്ല; കിറ്റെക്‌സ് ഹൈക്കോടതിയിൽ 

സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി  
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: തൊഴിലാളികൾക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാത്തതിനെതിരെ കിറ്റെക്സ് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും. 

93 ലക്ഷം രൂപ ചിലവിൽ പന്ത്രണ്ടായിരം കൊവിഷീൽഡ് വാക്സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നാണ് ഹരജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സർക്കാർ കോടതിയിൽ അറിയിച്ചു. ഇതേതുടർന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്. 

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാർ​ഗനിർദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോൾ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com