അല്‍ഫോണ്‍സ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 05:50 PM  |  

Last Updated: 13th August 2021 05:52 PM  |   A+A-   |  

ATTINGAL INCIDENT

മന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ വഴിയരികില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന അല്‍ഫോണ്‍സ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം അനുസരിച്ചാണോയെന്ന് സര്‍ക്കാര്‍  പരിശോധിക്കുമെന്ന്  തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുന്‍സിപ്പാലിറ്റി തൊഴിലാളികളുടെ സര്‍വ്വേ നടത്തി തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണം. നഗരത്തില്‍ കച്ചവടം ചെയ്യാന്‍ കഴിയുന്ന മേഖലകളും, അനുവദിക്കാന്‍ കഴിയാത്ത മേഖലകളും വേര്‍തിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയാണോ ഒഴിപ്പിക്കല്‍ നടത്തിയതെന്ന് സര്‍ക്കാര്‍ പരിശോധിക്കും.

ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി വി ശിവന്‍കുട്ടി നാളെ ഉച്ചക്ക് ശേഷം 3 30ന് അല്‍ഫോണ്‍സ്യയുടെ അഞ്ചുതെങ്ങിലെ വീട് സന്ദര്‍ശിക്കും.