പിഎസ് സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറ്റും ; ഒഴിവിന് ആനുപാതികമായി പട്ടിക ചുരുക്കുമെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 04:25 PM  |  

Last Updated: 13th August 2021 04:28 PM  |   A+A-   |  

chief minister pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : പിഎസ് സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കും. ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നത് അനഭിലഷണീയം. ഒഴിവിന് ആനുപാതികമായി പട്ടിക തയ്യാറാക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭയില്‍ എച്ച് സലാമിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി എസ് സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി എസ് സി  നിയമന ശുപാര്‍ശകള്‍ നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. 

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒഴിവുകളുടെ പല മടങ്ങ് ആളുകളെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പലതരം ചൂഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, ഒഴിവുള്ള തസ്തികകള്‍ എന്നീ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.