സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ല ; 'ഈശോ'ക്കെതിരായ ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 01:12 PM  |  

Last Updated: 13th August 2021 01:38 PM  |   A+A-   |  

hc_easo

ഫയല്‍ ചിത്രം

 

കൊച്ചി : ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ആണ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. 

സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹർജിയിലെ ആരോപണം.  എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന, ജയസൂര്യ നായകനാകുന്ന സിനിമയാണ് ഈശോ.

ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തു വന്നു. ഇക്കാര്യത്തില്‍ എതിര്‍ത്തും അനുകൂലിച്ചും സിനിമാരംഗത്തും പൊതു സമൂഹത്തിലും ചര്‍ച്ചകളും ചൂടുപിടിച്ചു. പി സി ജോര്‍ജ് അടക്കമുള്ള പ്രമുഖരും ഈശോ എന്ന പേരിനെതിരെ രംഗത്തുവന്നിരുന്നു. 

സിനിമയുടെ പേരിനെതിരായ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട ) രം​ഗത്തെത്തി. സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കാലാരൂപമാണ്. പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി.