വാട്ടര്‍ മെട്രോ: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആദ്യ ബോട്ടിന്റെ കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2021 08:55 PM  |  

Last Updated: 13th August 2021 08:55 PM  |   A+A-   |  

water metro service

ഫയല്‍ ചിത്രം

 

കൊച്ചി : വാട്ടര്‍ മെട്രോയുടെ ഭാഗമായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആദ്യ ബോട്ടിന്റെ കടല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍.  ഇത് പൂര്‍ത്തിയായ ശേഷം മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) ബോട്ട് കൈമാറും.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ ഹൈബ്രിഡ് ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാം. ബോട്ടിന്റെ ഇലക്ട്രിക് പരിശോധനകള്‍ പൂര്‍ത്തിയായിരുന്നു. പ്രവര്‍ത്തനശേഷി പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടിലാണ് ആദ്യ സര്‍വീസ് ആരംഭിക്കുക. വാട്ടര്‍ മെട്രോയില്‍ 20 മിനിറ്റുകൊണ്ട് വൈറ്റിലയില്‍നിന്ന് കാക്കനാട് എത്താം.

ആദ്യഘട്ടത്തില്‍ മൊത്തം 38 ബോട്ടുജെട്ടികളാണുള്ളത്. വൈറ്റില, കാക്കനാട് ജെട്ടികളാണ് പൂര്‍ത്തിയായത്. ഹൈക്കോടതിയിലെ പ്രധാന ജെട്ടി ഉള്‍പ്പെടെ 16 എണ്ണത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. 20 എണ്ണത്തിന്റെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുന്നു. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഏഴ് ജെട്ടികളുടെ നിര്‍മാണത്തിന് മരട്, ചേരാനല്ലൂര്‍, കടമക്കുടി, മുളവുകാട് വില്ലേജുകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപനമായിട്ടുണ്ട്.  വാട്ടര്‍ മെട്രോയിലെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപവീതം വര്‍ധനയുണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.