താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡു പണി നടന്നത് എന്നതിന് എന്ത് പ്രസക്തി ?; വിവാദം തന്നെ ബാധിക്കുന്നതല്ല : ജി സുധാകരന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 10:59 AM  |  

Last Updated: 14th August 2021 10:59 AM  |   A+A-   |  

g sudhakaran

ഫയല്‍ ചിത്രം

 

ആലപ്പുഴ : ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് എഎം ആരിഫ് എം പി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഒരേ പാര്‍ട്ടിക്കാരനായിട്ടും എംപി തന്നെ ഇക്കാര്യം അറിയിച്ചില്ല. കരാറുകാരനെതിരെ അന്വേഷണം നടക്കട്ടെ. താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡു പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും ജി സുധാകരന്‍ ചോദിച്ചു. 

ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് എഎം ആരിഫ് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തു നല്‍കിയത്. ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 ഗങ)പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019 ല്‍ ജി സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് ദേശീയപാത നവീകരണം നടന്നത്. 

36 കോടി  ചെലവിട്ട് ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെയാണ് നിര്‍മിച്ചത്. എന്നാല്‍ റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നെന്നും കത്തിലുണ്ട്. റോഡ് നവീകരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും റോഡ് ശോച്യാവസ്ഥയിലായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

ആരിഫിന്റെ കത്തുലഭിച്ചതായും, കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കത്ത് കേന്ദ്രത്തിന് കൈമാറിയതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. കത്ത് പുറത്തായതിന് പിന്നാലെ മുന്‍മന്ത്രി ജി സുധാകരനെ ന്യായീകരിച്ച് എ എം ആരിഫ് രംഗത്തെത്തി.  ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികളെന്നും ആരിഫ് അഭിപ്രായപ്പെട്ടു.