കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക രാഹുല്‍ഗാന്ധിക്ക് കൈമാറി; ആര്‍ക്കും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 11:44 AM  |  

Last Updated: 14th August 2021 11:44 AM  |   A+A-   |  

sudhakaran

കെ സുധാകരൻ

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് പട്ടിക കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ കെ സുധാകരനൊപ്പമുണ്ടായിരുന്നു. 

ഓരോ ജില്ലയിലും മൂന്നു പേര്‍ വരെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. പട്ടികയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും, ഈ മാസം തന്നെ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. മത സാമുദായിക സമവാക്യം, വനിത-യുവജന പ്രാതിനിധ്യം തുടങ്ങിയവ ഉറപ്പാക്കലാണ് ഹൈക്കമാന്‍ഡ് നേരിടുന്ന വെല്ലുവിളി. 

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടംവലിയെ തുടര്‍ന്നാണ് ഡിസിസി പുനഃസംഘന വൈകിയത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പുകള്‍ വേണ്ടെന്നാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാട്. എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ കൂടി സമ്മതമില്ലാതെ പുനഃസംഘടന നടത്തിയാല്‍ പാര്‍ട്ടിയില്‍ വന്‍പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നതാണ് അഴിച്ചുപണി നീളാന്‍ ഇടയാക്കിയത്.