'കുത്തകകളെ സഹായിക്കാന്‍'; കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 05:18 PM  |  

Last Updated: 14th August 2021 05:24 PM  |   A+A-   |  

NEW SCRAPPAGE POLICY

ഫയല്‍ ചിത്രം, എപി

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര തീരുമാനം അശാസ്ത്രീയമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇത് പ്രായോഗികമല്ല. ചട്ടം കെഎസ്ആര്‍ടിസിയെ ബാധിക്കില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.

പൊളിക്കല്‍ നയം കുത്തകകളെ സഹായിക്കുന്നതാണ്. തലവേദന വന്നാല്‍ കഴുത്ത് വെട്ടുകയല്ല വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വാഹനം പൊളിക്കല്‍ നയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഗുജറാത്ത് നിക്ഷേപ സംഗമത്തില്‍ വച്ചാണ് നിര്‍വഹിച്ചത്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ആദ്യമായി നയം അവതരിപ്പിച്ചത്.

 എല്ലാ വാഹനങ്ങള്‍ക്കും നയം ബാധകമല്ല. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കണം. 15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങള്‍ക്കും 20 വര്‍ഷം പൂര്‍ത്തിയായ സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ടെസ്റ്റ് പാസായാല്‍ മാത്രമേ പുനര്‍ റജിസ്‌ട്രേഷന്‍ നല്‍കൂ. ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും ഇതു ബാധകമാണ്. ഒരു വാഹനം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍, പിന്നീട് റോഡില്‍ ഓടാന്‍ കഴിയില്ല. ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാലും, ഓരോ 5 വര്‍ഷത്തിലും വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണമെന്നും നയത്തില്‍ പറയുന്നു. ഹെവി വാണിജ്യ വാഹനങ്ങള്‍ക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങള്‍ക്ക് 2024 ജൂണ്‍ മുതലും ഇതു ബാധകമാവും.