കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; പുതിയ സമയക്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 10:41 PM  |  

Last Updated: 14th August 2021 10:41 PM  |   A+A-   |  

kochi-europe flight service

പ്രതീകാത്മക ചിത്രം

 

കൊച്ചി:  പ്രവാസികള്‍ക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യൂറോപ്പിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു.കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പുതിയ വിമാന സര്‍വീസുകള്‍ വഴിയൊരുക്കുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു. 22 മുതല്‍ ആഴ്ചയില്‍ മൂന്നുവട്ടം എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഞായര്‍, വെള്ളി, ബുധന്‍ ദിവസങ്ങളിലാണ് ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസ്.

പ്രതിവാര സര്‍വീസാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ് തുടങ്ങി ആദ്യദിനംതന്നെ രണ്ട് സര്‍വീസിന്റെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയതായി സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു. യൂറോപ്യന്‍ മേഖലയിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിയാലും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജംപകരുന്ന നടപടിയാണിതെന്ന് എംഡി പറഞ്ഞു.

പുതിയ സമയക്രമപ്പട്ടിക അനുസരിച്ച് ഞായര്‍ പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍നിന്ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം പകല്‍ 1.20ന് മടങ്ങും. ബുധന്‍ പുലര്‍ച്ചെ 3.45ന് എത്തി 5.50ന് തിരികെപ്പോകും. വെള്ളി പുലര്‍ച്ചെ 3.45ന് എത്തി പകല്‍ 1.20ന് മടങ്ങും. ഈ മേഖലയില്‍ കൂടുതല്‍ എയര്‍ലൈനുകളെ ആകര്‍ഷിക്കാന്‍ സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.