ഒരാഴ്ചയിലേറെയായി കേസുകളില്ല; സിക്ക വൈറസ് നിയന്ത്രണ വിധേയമായി: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സിക്ക വൈറസ് രോഗബാധ നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ആരോ​ഗ്യമന്ത്രി വീണാ ജോർജ്
ആരോ​ഗ്യമന്ത്രി വീണാ ജോർജ്


തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗബാധ നിയന്ത്രണ വിധേയമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു.

സക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ 6 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക്ക വൈറസ് മൂലമുള്ള പ്രശ്നമുണ്ടായില്ല.

ജൂലൈ 8നാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com