പി കെ ശ്യാമളയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം; സിപിഎമ്മില്‍ അച്ചടക്ക നടപടി, രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍, പതിനഞ്ചുപേര്‍ക്ക് പരസ്യ ശാസന

കണ്ണൂര്‍ സിപിഎമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി
പി കെ ശ്യാമള/ഫെയ്‌സ്ബുക്ക്‌
പി കെ ശ്യാമള/ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍ പേഴ്‌സണുമായ പി കെ ശ്യാമളയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനാണ് 17 പേര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്‌പെന്‍ഡും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഏര്യാ കമ്മിറ്റി പരിധിയില്‍വരുന്ന 17 പേര്‍ക്കെതിരേയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏര്യാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പി കെ ശ്യാമളയ്‌ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരില്‍ ഉന്നയിക്കുന്ന കുറ്റം.

പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ, ടി ഐ മധുസൂദനന്‍, എന്‍  ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com