ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവം; 108 ആംബുലൻസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 07:50 AM  |  

Last Updated: 14th August 2021 07:50 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അഭിലാഷിന്റെ ഭാര്യ ശീതൾ (27) ആണ് ആംബുലൻസിൽ പ്രസവിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 3.30നു പ്രസവ വേദനയെ തുടർന്ന് ശീതളിനെ ചെങ്ങനൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.  ഇവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. നാല് മണിയോടെ ആംബുലൻസെത്തി ശീതളുമായി യാത്ര തിരിച്ചു.

കോട്ടയം ബേക്കർ ജംക്‌ഷൻ എത്തിയപ്പോഴേക്കും ശീതളിന്റെ നില കൂടുതൽ വഷളായി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജു തോമസ് നൈനാന്റെ പരിചരണത്തിൽ അഞ്ച് മണിയോടെ ശീതൾ കുഞ്ഞിനു ജന്മം നൽകി. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം അമ്മയെയും കുഞ്ഞിനെയും സമീപത്തുള്ള കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.