തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം; ചെരിപ്പ് ഊരി എറിഞ്ഞു, അസഭ്യ വർഷം; രണ്ട് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 12:31 PM  |  

Last Updated: 15th August 2021 12:31 PM  |   A+A-   |  

attack against woman doctor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജില്ലയിൽ വനിതാ ഡോക്ടർക്ക് നേരേ വീണ്ടും അതിക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്ടറാണ് ശനിയാഴ്ച അർധ രാത്രി അതിക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസ്, സെബിൻ എന്നിവരാണ് പിടിയിലായത്. 

ചികിത്സയ്‌ക്കെത്തിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നും പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

അർധ രാത്രി 12 മണിയോടെ കൈക്ക് പരിക്കേറ്റാണ് രണ്ട് പേർ മെഡിക്കൽ സെന്ററിലെത്തിയത്. ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്‌സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം. 

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടർക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സർക്കാർ ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ രണ്ട് പേർ ചേർന്ന് ആക്രമിച്ചിരുന്നു.