സ്റ്റെപ്പിനി ടയറിന് വ്യത്യസ്ത വലിപ്പം; വാഹന നിർമാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നൽകണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 10:32 AM  |  

Last Updated: 15th August 2021 10:32 AM  |   A+A-   |  

trapped in car

പ്രതീകാത്മക ചിത്രം

 

കാസർക്കോട്: പുതിയ കാർ വാങ്ങിയപ്പോൾ സ്റ്റെപ്പിനിയായി നൽകിയ ചക്രത്തിന് വ്യത്യസ്ത വലുപ്പമായതിന് പരാതിക്കാരന് വാഹന നിർമാതാവും ഡീലറും ചേർന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നൽകാൻ വിധി. കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കുറ്റിക്കോൽ ഞെരുവിലെ സി മാധവൻ നൽകിയ പരാതിയിലാണ് വിധി. 

കാറിൽ ഘടിപ്പിച്ചിരുന്ന നാല് ചക്രങ്ങളെക്കാൾ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നൽകിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങൾ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വർക്ക്ഷോപ്പ് ഇല്ലെങ്കിൽ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃ ഫോറം വ്യക്തമാക്കി. 

വാഹന വിലയിൽ സ്റ്റെപ്പിനി ചക്രത്തിന്റെ വില കൂടി ഉൾപ്പെടുമെന്നും മോട്ടോർ വാഹനചട്ട പ്രകാരം ഇത് നൽകാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണെന്നും കെ കൃഷ്ണൻ അധ്യക്ഷനായ ഫോറം വിധിച്ചു. സ്റ്റെപ്പിനി ചക്രം നൽകുന്നത് അടിയന്തര ഘട്ടത്തിൽ അടുത്ത വർക്ക്ഷോപ്പു വരെ എത്താനാണ് എന്നായിരുന്നു വാഹന നിർമാതാവിന്റെയും വിൽപ്പനക്കാരന്റേയും വാദം.