അയല്‍വാസി തോട് മണ്ണിട്ടു നികത്തി, ഏഴുവര്‍ഷം ടോയ്‌ലെറ്റ് ഉപയോഗിക്കാനാവാതെ രണ്ടു കുടുംബം; ദുരിതകഥ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 05:01 PM  |  

Last Updated: 15th August 2021 05:01 PM  |   A+A-   |  

FAMILY PROTEST

തോട് മണ്ണിട്ട് നികത്തിയതിനെതിരെ പ്രതിഷേധിക്കുന്ന കുടുംബങ്ങള്‍

 

കോഴിക്കോട്: അയല്‍വാസി തോട് മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴു വര്‍ഷമായി ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ ദുരിതം അനുഭവിച്ച് രണ്ടു കുടുംബങ്ങള്‍. പുഴയിലേക്കുള്ള തോട് അയല്‍വാസി മണ്ണിട്ട് നികത്തിയതോടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായതാണ് ദുരിതത്തിന് കാരണം. ഇതുമൂലം ബന്ധുക്കളുടെ വീട്ടില്‍ പോയാണ് ഇരു കുടുംബങ്ങളും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു വരുന്നത്. 

വടകര മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ രമ പിഎമ്മിന്റെയും ഷീബയുടെയും കുടുംബങ്ങളാണ് വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. ഇരു കുടുംബങ്ങളിലായി എട്ടംഗങ്ങളാണുള്ളത്. 2014ലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. റോഡിന് വേണ്ടി സ്ഥലം നല്‍കിയതിന് പകരം അനുവദിച്ച ഭൂമിയാണ് എന്ന് പറഞ്ഞ് അയല്‍വാസി തോട് മണ്ണിട്ട് നികത്തിയതോടെയാണ് കഷ്ടകാലം തുടങ്ങിയതെന്ന് ഇരുകുടുംബങ്ങളും ആരോപിക്കുന്നു. ഇതോടെ നാളിതുവരെ മഴക്കാലത്ത് ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ ബന്ധുക്കളുടെ വീടുകളെ ആശ്രയിക്കേണ്ട ഗതിക്കേടിലാണ് ഇരുകുടുംബങ്ങളും. 

പുഴയിലേക്കുള്ള സ്വാഭാവികമായ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതോടെ എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതോടെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മഴക്കാലത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബന്ധുക്കളുടെ വീടാണ് ആശ്രയിക്കുന്നത്. 'തനിക്കും മൂന്ന്  മക്കള്‍ക്കും ഇത് വലിയ പ്രശ്‌നമല്ല. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന 60 വയസുള്ള ഭര്‍ത്താവിന് ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്'- 55കാരിയായ രമ കണ്ണീരോടെ പറഞ്ഞു.

താഴന്ന പ്രദേശത്താണ് ഇരുവരുടെയും വീട് നില്‍ക്കുന്നത്. തൊട്ടടത്തുള്ള മൂരാട് പുഴയിലേക്ക് ഒഴുകുന്ന നിരവധി തോടുകള്‍ ഇരുവരുടെയും വീടിന് ചുറ്റിലുമായി ഒഴുകുന്നുണ്ട്. ഇതില്‍ ഒരു തോട് മണ്ണിട്ട് നികത്തിയതോടെയാണ് ഇരു കുടുംബത്തിന്റെയും ദുരിതം ആരംഭിച്ചത്. ടോയ്‌ലെറ്റ് ഉപയോഗിക്കേണ്ടി വന്നാല്‍ തന്നെ പത്ത് ബക്കറ്റ് വരെ വെള്ളം ഉപയോഗിക്കേണ്ട അവസ്ഥയാണ്. എന്നാലും വെള്ളം തിരിച്ചുവരില്ല എന്ന് ഒരു ഉറപ്പും പറയാന്‍ സാധിക്കില്ലെന്നും രമ പറയുന്നു. മണ്ണിട്ട് നികത്തിയ സ്ഥലത്ത് അടിയിലൂടെ പൈപ്പ് ഇട്ട് തോടിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാന്‍ കഴിയും. എന്നാല്‍ അയല്‍വാസി ഇതിനും സഹകരിക്കുന്നില്ലെന്നും വെള്ളക്കെട്ട് മൂലം ചുറ്റുമുള്ള നിരവധി വീടുകളും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായും രമയുടെ മകന്‍ അമല്‍കുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

ഷീബയുടെ കുടുംബവും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. നിരവധി തവണ പഞ്ചായത്തിന് മുന്നില്‍ പ്രശ്‌നം കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ലെന്നും അമല്‍കുമാര്‍ പറയുന്നു. ജനകീയ സമിതിക്ക് രൂപം നല്‍കാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചതായി വാര്‍ഡ് മെമ്പര്‍ ഷൈജു പള്ളിപ്പറമ്പത്ത് പറഞ്ഞു. നേരത്തെ രണ്ടുതവണ സമാനമായ നിലയില്‍ സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായില്ല. ഇത്തവണ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുള്ളതായും ഷൈജു അറിയിച്ചു.