ദേഹത്തു സ്ഫോടക വസ്തു കെട്ടിവച്ച് വീട്ടിലേക്ക് ഓടിക്കയറി, ഭാര്യയുടേയും മകളുടേയും മുന്നിൽ യുവാവ് ചിന്നിച്ചിതറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 08:25 AM  |  

Last Updated: 15th August 2021 08:46 AM  |   A+A-   |  

man explode in thiruvananthapuram

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ഭാര്യയെയും മക്കളേയും അപകടപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ചെത്തിയ യുവാവിന് ദാരുണാന്ത്യം. സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പൊട്ടിച്ചിതറുകയായിരുന്നു. ഇളമ്പ സ്വദേശി മുരളീധരനാണ് മരിച്ചത്. പിണങ്ങി താമസിക്കുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് ദുരന്തത്തിൽ ക‌ലാശിച്ചത്. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാര്യയും മകളും താമസിക്കുന്ന വീട്ടിലേക്ക് മുരളീധരൻ എത്തിയത്. വീടിനടുത്ത റബ്ബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാൻ ശ്രമിക്കുകയായിരുന്നു. വീടിന്‍റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാളുടെ ശരീരം ചിന്നിച്ചിതറി. മുരളീധരന്‍റെ ഭാര്യയും കുട്ടിയും അടുത്തു തന്നെ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. 

ഇയാള്‍ എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലാണ്. വാമനപുരം പെയ്ക മുക്കിൽ ക്വാറി തൊഴിലാളിയാണ്. പൊട്ടിത്തെറി ശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ പോലും കേട്ടത് നാട്ടുകാരേയും ഭീതിയിലാക്കി. ജോലി ചെയ്തിരുന്ന പാറമടയില്‍ നിന്നാകാം ഇയാള്‍ക്ക് സ്ഫോടകവസ്തു ലഭിച്ചതെന്നാണ് പൊലീസ് നി​ഗമനം.