വാക്സിൻ ചലഞ്ചിലൂടെ ലഭിച്ചത്  817 കോടി രൂപ ; വാക്‌സിന് ചെലവിട്ടത് 29 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 07:34 AM  |  

Last Updated: 16th August 2021 07:34 AM  |   A+A-   |  

two dose vaccine to women

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സർക്കാർ. ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.  സംസ്ഥാന സർക്കാർ നേരിട്ട് കമ്പനികളിൽ നിന്ന് വാക്സിൻ സംഭരിച്ച വകയിൽ 29.29 കോടി രൂപ ചെലവഴിച്ചതായും ധനമന്ത്രി അറിയിച്ചു.

കെ ജെ മാക്സി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മാർച്ച് 27 മുതൽ 2021 ജൂലായ് 30 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817.50 കോടി രൂപ സംഭാവനയായി ലഭിച്ചതെന്ന് ധനമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

സംസ്ഥാന സർക്കാർ ആകെ 13,42,540 ഡോസ് വാക്സിനാണ് സംഭരിച്ചത്. 8,84,290 ഡോസ് കോവിഡ് വാക്‌സിന്റെ വിലയായി 29,29,97,250 രൂപ വാക്സിൻ കമ്പനികൾക്ക് നൽകി. നടപ്പ് സാമ്പത്തിക വർഷം 324 കോടി രൂപ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചു. ഇതിൽ നിന്ന് പിപിഇ കിറ്റുകൾ, കോവിഡ് പരിശോധനാ കിറ്റുകൾ, വാക്സിൻ, ക്രിട്ടിക്കൽ കെയർ എക്യുപ്‌മെന്റ് എന്നിവ സംഭരിക്കുന്നതിന് 318.27 കോടിരൂപ ചെലവഴിക്കാനും അനുമതി നൽകിയെന്ന്  ധനമന്ത്രി പറഞ്ഞു.