വയനാട്ടിൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ലഭിച്ചു, ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 07:40 AM  |  

Last Updated: 16th August 2021 07:40 AM  |   A+A-   |  

Wayanad first dose of the vaccine

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; വയനാട് ജില്ലയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതോടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി. 

ജില്ലയിൽ 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്.  2,13,311 പേര്‍ക്കു രണ്ടാം ഡോസും ലഭിച്ചു. ജനസംഖ്യയുടെ 31.67 ശതമാനം വരും ഇത്. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനിലുള്ളവര്‍, വാക്‌സീന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. 

വാക്‌സിനേഷനായി വലിയ പ്രവര്‍ത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയാറാക്കിയ പ്ലാന്‍ അനുസരിച്ചാണു വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെ വാക്‌സിനേഷൻ നടത്തി. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സീൻ നല്‍കാനും ശ്രദ്ധിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി.