സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നിന്നു വീട്ടുനിന്ന് തോമസ് ഐസക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 08:49 AM  |  

Last Updated: 16th August 2021 08:49 AM  |   A+A-   |  

pinarayi vijayan thomas issac

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിൽ നിന്ന് പിൻമാറി മുൻ മന്ത്രി തോമസ് ഐസക്ക്. ചടങ്ങിന്റെ ക്ഷണക്കത്തിൽ കേരള കോൺഗ്രസ് നേതാക്കൾക്കും താഴെയാണ് സർക്കാർ ഐസക്കിന് സ്ഥാനം നൽകിയത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നേരിട്ടു പങ്കെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് ഐസക് നിർദേശിച്ചതായാണു സൂചന.  

നാളെ വൈകിട്ട് തിരുവനന്തപുരത്ത് സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിയും അധ്യക്ഷനായ മന്ത്രി എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആന്റണി രാജു, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരുടെയും പേരുകളാണു നോട്ടിസിന്റെ ആദ്യഭാഗത്ത്.  

അടുത്ത പേജിൽ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുതൽ 35 ആശംസാ പ്രസംഗകരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള കോൺഗ്രസ് (സ്കറിയ) പ്രസിഡന്റിനു താഴെ 30–ാം സ്ഥാനമാണ് തോമസ് ഐസക്കിന് നൽകിയിരിക്കുന്നത്. ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ അർഹമായ സ്ഥാനമാണ് ഐസക്കിനു കൊടുത്തതെന്നു പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.