വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവസംരംഭകയുടെ ഓഫീസില്‍ കഞ്ചാവ് വെച്ചു ; ഒരു പ്രതികൂടി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 01:20 PM  |  

Last Updated: 16th August 2021 01:20 PM  |   A+A-   |  

sobha

യുവസംരംഭക ശോഭ വിശ്വനാഥന്‍ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവസംരംഭകയുടെ സ്ഥാപനത്തില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍. സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ഉഷ ആണ് പിടിയിലാത്. സ്ഥാപനത്തില്‍ കഞ്ചാവ് വെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിലാണ് മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശോഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശോഭയുടെ സുഹൃത്തും നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് ആണ് യുവതിയെ കഞ്ചാവ് കേസില്‍ കുരുക്കാന്‍ ശ്രമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 

ക്രമക്കേട് നടത്തിയതിന് വീവേഴ്‌സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇക്കാര്യം വിവേക് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. വീവേഴ്‌സ് വില്ലേജില്‍ ലഹരി വില്‍പ്പനയുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചത് ഹരീഷ് ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

തുടര്‍ന്ന് വിവേക് രാജിനെയും ഹരീഷിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തയ്യാറാക്കുകയും, ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 31 ന് വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജില്‍ നിന്ന് നര്‍ക്കോട്ടിക് വിഭാഗം 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.