സഹോദരൻ മരിച്ച കേസ് വാദിക്കാൻ നൽകണം, ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും; അഭിഭാഷകനെതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 07:25 AM  |  

Last Updated: 16th August 2021 07:25 AM  |   A+A-   |  

advocate

പ്രതീകാത്മക ചിത്രം

 

കോട്ടയം; സഹോദരൻ അപകടത്തിൽ മരിച്ച കേസ് വാദിക്കാൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഭീഷണി. വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ സഹോദരനാണ് പരാതിയുമായി ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനാണ് എംഎസിടി കേസ് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുന്നത്. 

കഴിഞ്ഞ മാസം 28-ന് പാലാത്ര ബൈപ്പാസ് റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ച സേതുനാഥിന്റെ സഹോദരൻ സുജിത് കുമാറാണ് പരാതി നൽകിയത്. ശ്രീകുമാർ എന്ന അഭിഭാഷകനെതിരേയാണ്‌ പരാതി. കേസ് തനിക്കു നൽകണമെന്നു പറഞ്ഞ് ഇയാൾ പല തവണ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്‌.

ബൈപ്പാസ് റോഡിൽ റേസിങ്‌ നടത്തിയ ബൈക്ക് ‌മറ്റൊരു ബൈക്കിലിടിച്ച്‌ രണ്ടുപേർ മരിച്ചത് വലിയ വാർത്തയായിരുന്നു. സേതുനാഥ്‌, മുരുകൻ എന്നിവരാണ് ‌അപകടത്തിൽ മരിച്ചത്‌. അഭിഭാഷകന്റെ ഭീഷണിയിൽ അന്വേഷണം നടത്തുമെന്ന് ‌ചങ്ങനാേശ്ശരി ഡിവൈഎസ്‌പി ആർ. ശ്രീകുമാർ അറിയിച്ചു.