സോളാര്‍ കേസിലെ ലൈംഗിക പീഡനം; ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ സിബിഐ എഫ്‌ഐആര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട സ്ത്രീ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ.
ഉമ്മന്‍ചാണ്ടി /ഫയല്‍ ഫോട്ടോ
ഉമ്മന്‍ചാണ്ടി /ഫയല്‍ ഫോട്ടോ

തിരുവനന്തപുരം:  സോളാര്‍ കേസുമായി ബന്ധപ്പെട്ട സ്ത്രീ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

 സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം കേസ് അന്വേഷിച്ച കേരളാ പൊലീസിന് കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിടുകയായിരുന്നു.പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

കേസിന്റെ വിശദാംശങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി സിബിഐയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയും കൈമാറിയിരുന്നു.

2012 ആഗസ്റ്റ് 19ന് ക്ലിഫ്ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com