'രോഗികള്‍ ആംബുലന്‍സില്‍ തന്നെ വരണമെന്ന് നിര്‍ബന്ധം പിടിക്കരുത്'; അടിയന്തര സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ എത്തുന്നവരെ തടയരുത്: കര്‍ണാടകയോട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 07:49 PM  |  

Last Updated: 17th August 2021 07:49 PM  |   A+A-   |  

KERALA HC

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം


കൊച്ചി: അടിയന്തര സാഹചര്യങ്ങളില്‍ അതിര്‍ത്തി കടക്കുന്നവരെ തടയരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേരള ഹൈക്കോടതി. മരണം, മെഡിക്കല്‍ ആവശ്യം എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. 

രോഗി യാത്ര ചെയ്യുന്ന വാഹനം ആംബുലന്‍സ് തന്നെയാവണം എന്ന് നിര്‍ബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളില്‍ ആണെങ്കിലും അതിര്‍ത്തി കടന്നു യാത്ര ചെയ്യാന്‍ അനുവദിക്കണം. മതിയായ രേഖകകള്‍ ഉള്ളവരെ തടയരുതെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണടാക സര്‍ക്കാരിന്റെ നയത്തിന് എതിരായ രണ്ട് പൊതുതാത്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കര്‍ണാടക അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് എസ് ഒ പി പ്രകാരം, രോഗികളുടെ വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.