ലൈംഗികാധിക്ഷേപം; ഹരിത അംഗങ്ങളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ കേസ്

ലൈംഗികാധിക്ഷേപം നടത്തിയെന്ന 'ഹരിത' സബ് കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്/ഫെയ്‌സ്ബുക്ക്
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്/ഫെയ്‌സ്ബുക്ക്


കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്ന 'ഹരിത' സബ് കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. 

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കള്‍ ആരോപിച്ചതിരുന്നു.

അതേസമയം, എംഎസ്എഫ് നേതൃത്വത്തിന് എതിരെ രംഗത്തുവന്ന ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗ് മരവിപ്പിച്ചു. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് തുടങ്ങിയവരോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും മുസ്ലീംലീഗ് നേതൃത്വം നിര്‍ദേശിച്ചു.

എംഎസ്എഫ് പ്രവര്‍ത്തകരും ഹരിത ഭാരവാഹികളും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെ, ഹരിത സംസ്ഥാന ഭാരവാഹികള്‍ അച്ചടക്ക ലംഘനം നടത്തിയതായി ലീഗിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ അകത്തുപറഞ്ഞു തീര്‍ക്കുന്നതിന് പകരം വിവാദം പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചത് ഗുരുതര അച്ചടക്ക ലംഘനമാണ് എന്ന് കാട്ടിയാണ് ലീഗ് നേതൃത്വം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാന്‍ ലീഗ് തീരുമാനിച്ചത്. പ്രശ്‌ന പരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com