ജയിലില്‍ നിന്നിറങ്ങി ഒറ്റ ദിവസം മൂന്ന് മോഷണം; പൊലീസിനേയും നാട്ടുകാരേയും മണിക്കൂറുകളോളം വട്ടം കറക്കി; ഒടുവില്‍ ഓടിച്ചിട്ട് പിടിച്ചു

ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഒറ്റ ദിവസം തന്നെ മൂന്ന് മോഷണം നടത്തി നാട്ടുകാരേയും പൊലീസിനേയേും വട്ടം ചുറ്റിച്ചയാൾ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലുവ: ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഒറ്റ ദിവസം തന്നെ മൂന്ന് മോഷണം നടത്തി നാട്ടുകാരേയും പൊലീസിനേയേും വട്ടം ചുറ്റിച്ചയാൾ പിടിയിൽ.  കോട്ടയം കിടങ്ങൂർ തെക്കേമഠത്തിൽ വേണുഗോപാൽ (50)നെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടിച്ചത്. 

ബാങ്ക് കവലയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചായിരുന്നു തുടക്കം. മോഷ്ടിച്ച സ്കൂട്ടറിൽ ഉച്ചയോടെ അശോകപുരം ഗ്രൗണ്ടിനു സമീപത്തെ വീട്ടിലെത്തി. കൊറിയർ ഉണ്ടെന്ന് അറിയിച്ചു. വീട്ടമ്മ കൊറിയർ വാങ്ങാനായി വാതിൽ തുറന്നെത്തിയപ്പോൾ കയ്യിൽ നിന്നു മൊബൈൽ ഫോൺ തട്ടിപ്പറിച്ചു.

ബഹളം കേട്ടു നാട്ടുകാർ വന്നപ്പോഴേക്കും സ്കൂട്ടർ അവിടെ ഉപേക്ഷിച്ചു കടന്നു.  സംഭവമറിഞ്ഞ് എടത്തല, ആലുവ സ്റ്റേഷനുകളിൽ നിന്നു പൊലീസ് എത്തി തിരച്ചിൽ തുടങ്ങി. മുൻ വാർഡ് അംഗം ലിനേഷ് വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ പൊലീസിനെ സഹായിക്കാനിറങ്ങി. 

പോർസ്യുങ്കള മഠത്തിന്റെ പരിസരത്തെ മറ്റൊരു വീട്ടിലെത്തി ബൈക്ക് സ്റ്റാർട്ടാക്കി മോഷ്ടാവ് രക്ഷപ്പെട്ടു.  താക്കോൽ ബൈക്കിന്റെ ഹാൻഡിലിൽ തന്നെ കിടപ്പുണ്ടായിരുന്നു. വീട്ടമ്മയും നാട്ടുകാരും പറഞ്ഞ ലക്ഷണങ്ങളിൽ നിന്നു മോഷ്ടാവിനെ കുറിച്ചു സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോണിൽ അയാളുടെ ചിത്രം കാണിച്ചു കൊടുത്തു. 

നാട്ടുകാർ ഈ ചിത്രം തിരിച്ചറിഞ്ഞതോടെ സംഭവത്തിൽ റൂറൽ എസ്പി കെ കാർത്തിക് ഇടപെട്ടു. ജില്ലയിലെങ്ങും ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തു 38 കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ. ജയിലിൽ നിന്ന് ഇറങ്ങി മൂന്ന് മാസം മാത്രമായിരുന്നു പിന്നിട്ടിരുന്നത്. മോഷ്ടിച്ച ബൈക്കിൽ ഇതിനിടെ കാലടിയിലേക്കു കടന്ന വേണുഗോപാൽ മാറമ്പിള്ളി വഴി കറങ്ങിത്തിരിഞ്ഞു വൈകിട്ട് ആറരയോടെ വീണ്ടും ആലുവയിൽ എത്തി. 

ഡിവൈഎസ്പി പിഎ ശിവൻകുട്ടിയും ഇൻസ്പെക്ടർ സി.എൽ.സുധീറും അടങ്ങിയ സംഘത്തിനു മുന്നിലാണു യാദൃച്ഛികമായി ഇയാൾ വന്നുപെട്ടത്.  അതോടെ ബൈക്ക് ഉപേക്ഷിച്ചു വീണ്ടും ഓടിയെങ്കിലും പൊലീസ് പിന്നാലെയെത്തി പിടികൂടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com