അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 08:07 AM  |  

Last Updated: 18th August 2021 08:07 AM  |   A+A-   |  

Kerala High Court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: അച്ഛന്റെ പേര് എഴുതേണ്ട കോളമില്ലാത്ത ജനന രജിസ്‌ട്രേഷന്‍ ഫോമും വേണമെന്ന് ഹൈക്കോടതി. കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗര്‍ഭിണിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

വിവാഹിതരല്ലാത്ത സ്ത്രീകള്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷനായി പിതാവിന്റെ പേര് ചേര്‍ക്കാനുള്ള കോളമില്ലാതെയുള്ള പ്രത്യേക അപേക്ഷ ഫോമും സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരി എട്ട് മാസം ഗര്‍ഭിണി ആയതിനാല്‍ ഇക്കാര്യത്തില്‍ ഉടനടി നടപടി ഉണ്ടാവണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അച്ഛന്റെ പേര് എഴുതേണ്ട കോളം ഒഴിച്ചിടുന്നത് അമ്മയുടേയും കുഞ്ഞിന്റേയും അന്തസിനെ ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് സതീന് നൈനാന്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിനും ജനന മരണ വിഭാഗം രജിസ്ട്രാറുമാര്‍ക്കുമാണ് നിര്‍ദേശം,. 

അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ജനന രജിസ്‌ട്രേഷനുള്ള ഫോമില്‍ അച്ഛന്റെ പേരും രേഖപ്പെടുത്തണം എന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. 

എആര്‍ടി മാര്‍ഗത്തിലൂടെയാണോ ഗര്‍ഭിണിയായത് എന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കല്‍ രേഖയുടെ പകര്‍പ്പും വാങ്ങി വേണം പ്രത്യേക ഫോം നല്‍കാന്‍. സാങ്കേതിക വിദ്യയും കാലവുമെല്ലാം മാറുമ്പോള്‍ നിയമത്തിലും ചട്ടങ്ങളിലുമെല്ലാം മാറ്റം ഉണ്ടാകണം എന്നും കോടതി പരാമര്‍ശിച്ചു.