വീട്ടിലെ തുണികള്‍ക്ക് തനിയെ തീ പിടിക്കുന്നു; അമ്പരന്ന് കോഴിക്കോട്ടെ ഒരു ഗ്രാമം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 02:07 PM  |  

Last Updated: 18th August 2021 02:07 PM  |   A+A-   |  

dress catches fire in kozhikode

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവത്തില്‍ ഞെട്ടലോടെ കോഴിക്കോട്ടെ ഒരു ഗ്രാമം. ചേളന്നൂര്‍ പഞ്ചായത്ത് 4ാം വാര്‍ഡില്‍ പെരുമ്പൊയില്‍ പിലാത്തോട്ടത്തില്‍ മീത്തല്‍ കല്യാണിയുടെ വീട്ടിലാണ് അലമാരയിലായാലും അയയിലിട്ടാലും വസ്ത്രങ്ങള്‍ക്ക് തീപിടിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ച ഉച്ച മുതലാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീടിന്റെ അടുക്കള ഭാഗത്ത് അലക്കിയിട്ട തുണിയിലാണു തീ ആദ്യം കണ്ടത്. ഇതു എങ്ങനെ എന്നു നോക്കുന്നതിനിടെ വീട്ടിനകത്ത് ഫ്രിജിനു പുറകിലെ വസ്ത്രത്തിനു തീ പിടിച്ചു. ഇതു അണയ്ക്കുന്നതിനിടെ അലമാരയില്‍ അടുക്കിവച്ച വസ്ത്രത്തിന്റെ ഒരു ഭാഗത്തുനിന്ന് തീ ഉയരാന്‍ തുടങ്ങി.

സംഭവം അറിഞ്ഞു നാട്ടുകാര്‍ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടെ കിടപ്പുമുറിയിലെ മറ്റൊരു അലമാരയിലും വസ്ത്രത്തിനു തീ പിടിച്ചു. തുടര്‍ച്ചയായി മൂന്നു ദിവസം തീ പടര്‍ന്നതിനാല്‍ വീട്ടിലെ വസ്ത്രങ്ങളെല്ലാം എടുത്തു പുറത്തേക്കിടാന്‍ പൊലീസ് നിര്‍ദേശിച്ചു. പ്രത്യേക ഗന്ധമോ മറ്റു സവിശേഷതകളോ അനുഭവപ്പെട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാരെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

വടകരയില്‍നിന്ന് ശാസ്ത്രീയ പരിശോധനാ വിഭാഗമെത്തി കത്തിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ ശേഖരിച്ചു. തീ കത്തുന്ന സമയത്ത് ഉടനെ വെള്ളമൊഴിച്ചു കെടുത്തും. വൈകാതെ തന്നെ സമീപത്തെ മറ്റൊരു മുറിയില്‍ തീ പിടിക്കും. വസ്ത്രങ്ങള്‍ പൂര്‍ണമായും വീട്ടില്‍നിന്നും എടുത്തു മാറ്റിയതിനാല്‍ ചൊവ്വാഴ്ച തീ പിടിത്തമുണ്ടായില്ല. ദുരൂഹ സാഹചര്യത്തില്‍ എങ്ങനെ അടിക്കടി തീപിടിക്കുന്നു എന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീട്ടുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വരെ കത്തിനശിച്ചു. കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ഒരു മാസം മുന്‍പ് 3 വീടുകളില്‍ ഇത്തരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീ പിടിത്തമുണ്ടായിരുന്നു.ഇതിന്റെയും കാരണം വ്യക്തമായിട്ടില്ല.