ജനങ്ങള്‍ക്കുള്ള കത്തില്‍ അധികാര പദങ്ങള്‍ വേണ്ട ; ഭരണഭാഷാ വകുപ്പിന്റെ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 10:31 AM  |  

Last Updated: 18th August 2021 10:31 AM  |   A+A-   |  

Kerala_Government_Secretariat

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : പൊതുജനങ്ങള്‍ക്കുള്ള കത്തുകളില്‍ അധികാരപദങ്ങള്‍ ഒഴിവാക്കി പകരം സൗഹൃദപരമായ വാക്കുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം. ഔദ്യോഗിക ഭരണഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി, ജോയിന്റ് സെക്രട്ടറി എസ് മീരയാണ് ഉത്തരവ് ഇറക്കിയത്. 

ഒറ്റപ്പാലം സബ് കളക്ടറുടെ ഭാഷാ പ്രയോഗത്തിനെതിരെ സംസ്‌കാര സാഹിതി പാലക്കാട് ജില്ലാ ചെയര്‍മാന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് നടപടി. ഒറ്റപ്പാലം കോടതി കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നിവേദനത്തിന്മേല്‍ സബ് കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള കത്താണ് പരാതിക്ക് ഇടയാക്കിയത്.

കത്തിലെ താങ്കള്‍ കൃത്യമായും ഈ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന വരിയാണ് പരാതിക്ക് ഇടയാക്കിയത്. ഇത് അധികാരത്തിന്റെ സ്വരമാണെന്ന് ആരോപിച്ച് ബോബന്‍ നല്‍കിയ പരാതി പരിശോധിച്ചാണ് ഭരണഭാഷാ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.